പറ്റിയതൊരു വലിയ അബദ്ധമാണെങ്കിലും നാക്കിന്റെ ചുണ കൊണ്ട് നാലു കാലിൽത്തന്നെ വന്നു നിന്ന ഒരു സംഭവം! പാലക്കുഴയിൽ സ്ഥലം വാങ്ങി താമസമായിട്ട് രണ്ടു വർഷമാകുന്നതേയുള്ളൂ. അമ്മയും അച്ഛനും ഞങ്ങളുടെ കൂടെയുണ്ട്.. മൂത്ത മകൻ വിനുവിന് മൂന്നു വയസ്സ്.അനു ഉണ്ടായിട്ടില്ല. വീടും പറമ്പും വാങ്ങിയതിന്റെ ഞെരുക്കം നന്നായി ഉണ്ട്. രണ്ടു പേരുടെ ശമ്പളം കൊണ്ട് കഷ്ടിച്ചു കാര്യങ്ങൾ നടന്നു പോകുന്നു.തീരെ ഞെരുങ്ങുമ്പോൾ മാത്രം ജോയി സാറിനോട് കടം വാങ്ങും.മിക്സി, ഗ്രൈന്റർ, ഫ്രിഡ്ജ് ഒന്നുമില്ല. എന്തിന് ,ഒരാട്ടുകല്ലു പോലുമില്ല. വിനുവിന് ഇഡ്ഡലിയും ദോശയും ഏറെ പഥ്യം! ഞാൻ തോടു കടന്ന് കല്ലുങ്കൽ കൈമളു ചേട്ടന്റെ വീട്ടിൽ പോയി ഉഴുന്നും അരിയുമരച്ചു കൊണ്ടുവരും. അതു കാണുമ്പോൾ അമ്മയ്ക്കു വിഷമo. അമ്മ പറഞ്ഞ പ്രകാരംകാക്കൂരുള്ള പേരമ്മയുടെ മകൻ കല്ലുകൊത്താനൊരു വിദഗ്ദ്ധനെ അയച്ചു.ഭാഗ്യത്തിനു വലിയൊരു കരിങ്കല്ല് പറമ്പിലുണ്ട്. പണിതുടങ്ങി.മൂപ്പർ എന്നാണ് പണിക്കാരനെ വിളിക്കുന്നത്, മൂപ്പരൊരു മദ്ധ്യ വയസ്കൻ, ഗൗരവക്കാരൻ.വർത്തമാനമേയില്ല. പണിതന്നെ പണി .വൈകുന്നേരം പണി നിർത്തി "ടീച്ചറേ ഒരു പത്തു രൂപ" എന്ന പറഞ്ഞു. ശമ്പളം കിട്ടിയ ദിവസമാണ്.വീട്ടുകാരന് ചോറ്റാനിക്കരയിലാണന്നു ജോലി. ഞാൻ ശമ്പളപ്പൊതിയിൽ നിന്ന് ഒരു പത്തു രൂപ എടുത്തപ്പോഴേയ്ക്കുംവിനു ഓടി വന്നു. "അമ്മേ ഞാൻ കൊടുത്തോളാം" അതങ്ങനെയാ. എന്തും അവന്റെ കൈയിലൂടെ വേണം. ശരി, കൊടുത്തു. അവനത് രണ്ടു കൈ കൊണ്ടും നിവർത്തി പരിശോധിച്ചു കൊണ്ടോടിപ്പോയി മൂപ്പരെ ഏല്പിച്ചു. ഞാൻ തിരക്കിട്ടു യാത്രയായി കൂത്താട്ടുകുളത്തിന് .അദ്ദേഹമവിടെ വരും. സൊസൈറ്റിയിൽ ചിട്ടിപ്പണമടക്കണം. വീട്ടു സാധനങ്ങൾ വാങ്ങണം.ശമ്പളപ്പൊതി നോക്കിയപ്പോൾ ഒരു 100 രൂപ കുറവ്.ഒരു പത്തു കൂടുതലും.തയ്യൽക്കാരന് 4പത്തിന്റെ നോട്ടു കൊടുത്തിരുന്നു. അതിലൊന്നെങ്ങാൻ ഒന്ന് നൂറായിപ്പോയോ?ആകെ ആധിയായി. അന്ന് 100 രൂപ ഇന്നത്തെ പതിനായിരത്തിനു മുകളിലാ. നഷ്ടമായാൽ കണക്കുകൂട്ടലുകളാകെ തെറ്റും !100 രൂപ എവിടെപ്പോയി! കൂത്താട്ടുകളത്തിനു പോയാൽ പതിവുള്ള ഹോട്ടൽ വിസിറ്റ് പോലുംഒഴിവാക്കി വീട്ടിലെത്തി. പോരും വഴി നാണക്കേടാണെങ്കിലും തയ്യൽക്കാരനോടും തിരക്കാതിരുന്നില്ല. ഞാൻ കൊടുത്ത പത്തിന്റെ 4 നോട്ടും മിഷ്യന്റെ ഡ്രോയിലങ്ങനെ തന്നെകിടക്കുന്നുണ്ട് ' ഇനി ഒരേയൊരു സംശയം മാത്രം മൂപ്പർക്കു കൊടുത്തത് നൂറായിരിക്കുമോ?എങ്കിൽ പോയതുതന്നെ. എങ്ങനെ അറിയാനാണ്?ഒരു വിധത്തിൽ വീട്ടിലെത്തി. നേരേ ബാത്ത് റൂമിലേയ്ക്ക് ഓടി.വയറിളകിത്തന്നെ പോകുന്നു. അതങ്ങനെയാ.അല്പം ടെൻഷൻ വന്നാൽ വയറിളകും. വിനുവിനോടു ചോദിച്ചു "മോനേ, മൂപ്പർക്കു കൊടുത്തത് എത്ര രൂപയാ?"ഉത്തരം ഉടനേ വന്നു. " നൂറ് "മോനെങ്ങനെയറിഞ്ഞു?"അമ്മേ, അതിൽ ഒന്നെഴുതിയിട്ട് ഇങ്ങനെ രണ്ടു പൂജ്യമുണ്ട്."ആംഗ്യ ത്തോടെ അന്തരീക്ഷത്തിൽ എഴുതിക്കാണിച്ചു കൊണ്ടാണ് അവന്റെ ഉത്തരം.ഉരുണ്ട പൂജ്യമല്ല പരന്ന പൂജ്യമാണന്നത്തെനോട്ടിൽ .നൂറിന്റെ പുതിയ നോട്ടിറങ്ങിയ കാലമാ .വലിപ്പം കുറവ്. പത്തിനേക്കാൾ ചെറുതും. എനിക്കു ടെൻഷൻ കൂടി.മൂപ്പരോടെങ്ങനെ ചോദിക്കും! "വെറുതെ നാണം കെടണ്ട. കിട്ടാൻ പോണില്ല ;എന്ന വീട്ടുകാരന്റെ പറച്ചിലും കുടിയായപ്പോൾഉറക്കവും സുഖമായില്ല. എന്തു ചെയ്യും! എന്റെ അച്ഛനെ മനസ്സിലോർത്ത് ഞാനൊരു വഴി കണ്ടെത്തി - പരീക്ഷിക്കാം. ആരോടും ആലോചിച്ചില്ല. സ്വയം തീരുമാനിച്ചുറച്ചു.നേരം വെളുത്തു വീട്ടുകാരനു ഒട്ടും തെളിച്ചില്ല "സാരമില്ല " എന്നൊന്നു. പറയുന്നേയില്ല പാവം! എങ്ങനെ പറയും ! അദ്ദേഹം ചോറ്റാനിക്കരയ്ക്കു പോയി. 8.30 ആയി.മൂപ്പർ വന്നു.പണി തുടങ്ങി.ഞാനടുത്തെത്തി. സകല ദൈവങ്ങളെയും ധ്യാനിച്ചൊരു കാച്ചു കാച്ചി, " എന്തു പണിയാ മൂപ്പരേ ഇന്നലെ കാണിച്ചത്.പത്തുരുപ എടുത്തിട്ട് ബാക്കി തരാൻ പറഞ്ഞല്ലേ 100 രൂപ മോൻ കൊണ്ടത്തന്നത്.എന്നിട്ടതും കൊണ്ടങ്ങു പോയി. ഇന്നു പാലു മേടിക്കാൻ പോലുമിവിടെ കാശില്ല"
മൂപ്പരു ചാടിയെണീറ്റ് തുണി പൊക്കി നീ ലകള്ളികളുള്ള അണ്ടർവെയറിന്റെ പോക്കറ്റിൽ നിന്ന് ചുരുട്ടിക്കൂട്ടിയ പോലെ 10 ന്റെ 9 നോട്ടുകൾ എടുത്തു തന്നു ." അയ്യോ ടീച്ചറേ, ഇന്നലെ | കുഞ്ഞുമോനൊന്നും പറയാതെയാ തന്നത്. കാക്കൂരു ഷാപ്പിൽ പോയി ഒരു കുപ്പി കുടിച്ചിട്ട്എടുത്തു കൊടുത്തപ്പഴാ നൂറാണെന്നറിഞ്ഞത്. ടീച്ചറു ചോദിച്ചല്ലേലും ഞാനിതങ്ങു തന്നേനേ " "ഹോ! എനിക്ക് ഭാഗ്യക്കുറിയടിച്ച സന്തോഷം! അമ്മ പറഞ്ഞു "നിന്നെ സമ്മതിക്കണം"വിവരമെങ്ങനെ അദ്ദേഹത്തെ അറിയിക്കും. ഒരു വഴിയുമില്ല.വൈകുന്നേരം വരെ കാക്കാം. വിവരമറിഞ്ഞതും "നിന്നെ സമ്മതിച്ചിരിക്കുന്നു " എന്നു പറഞ്ഞ് ഒന്നു ചിരിച്ചു. ഞാനും മനസ്സിലതു തന്നെ പറഞ്ഞു " എന്നെ സമ്മതിക്കണം"!
മൂപ്പരു ചാടിയെണീറ്റ് തുണി പൊക്കി നീ ലകള്ളികളുള്ള അണ്ടർവെയറിന്റെ പോക്കറ്റിൽ നിന്ന് ചുരുട്ടിക്കൂട്ടിയ പോലെ 10 ന്റെ 9 നോട്ടുകൾ എടുത്തു തന്നു ." അയ്യോ ടീച്ചറേ, ഇന്നലെ | കുഞ്ഞുമോനൊന്നും പറയാതെയാ തന്നത്. കാക്കൂരു ഷാപ്പിൽ പോയി ഒരു കുപ്പി കുടിച്ചിട്ട്എടുത്തു കൊടുത്തപ്പഴാ നൂറാണെന്നറിഞ്ഞത്. ടീച്ചറു ചോദിച്ചല്ലേലും ഞാനിതങ്ങു തന്നേനേ " "ഹോ! എനിക്ക് ഭാഗ്യക്കുറിയടിച്ച സന്തോഷം! അമ്മ പറഞ്ഞു "നിന്നെ സമ്മതിക്കണം"വിവരമെങ്ങനെ അദ്ദേഹത്തെ അറിയിക്കും. ഒരു വഴിയുമില്ല.വൈകുന്നേരം വരെ കാക്കാം. വിവരമറിഞ്ഞതും "നിന്നെ സമ്മതിച്ചിരിക്കുന്നു " എന്നു പറഞ്ഞ് ഒന്നു ചിരിച്ചു. ഞാനും മനസ്സിലതു തന്നെ പറഞ്ഞു " എന്നെ സമ്മതിക്കണം"!
No comments:
Post a Comment