Monday, March 12, 2018

Stories from Mom's Memory Books - Kappa-kkothi

വളരെ രസമുള്ള ഒരോർമ്മയാണിത്- കേശവൻ സാറിന്റെ സഹോദരിയുടെ മകൾ രമ ഗർഭിണി, - അമ്മാവനും അമ്മായിയും വയറു കാണാൻ പോകുന്ന ഒരു ചടങ്ങുണ്ടെന്ന് അമ്മ കൂടെക്കൂടെ ഓർമ്മിപ്പിക്കും.പെണ്ണിന് ഇത് ഏഴാം മാസമാണ്. ഏഴുതരം പലഹാരവുമായി വേണം പോകാൻ .ഇനിയും നീണ്ടാൽ പലഹാരങ്ങളുടെ എണ്ണവും കൂടും.കൂത്താട്ടുകുളം പ്രഭാത് ബേക്കറി തന്നെ ശരണം!അച്ചപ്പം, കുഴലപ്പം, ഉണ്ണിയപ്പം , മിക്സ്ചർ,, കപ്പ്കേക്ക്,, പപ്പടവട പക്കാവട എണ്ണി നോക്കൂ, ഏഴു കൂട്ടമായില്ലേ?.രമയ്ക്ക് പടിക്കപ്പറമ്പിൽ നിന്ന് ഒരു സാരിയും വാങ്ങി. ഇതൊക്കെയുംകൊണ്ട് ഒരു ഞായറാഴ്ച ഞങ്ങൾ യാത്ര തിരിച്ചു.. ഉഴവൂരിനടുത്ത് അരീക്കരയാണവളെ കല്യാണം കഴിച്ചിരിക്കുന്നത്.ഞങ്ങള്‍ ഉഴവൂരെത്തി യപ്പോൾത്തന്നെ മണി 12 കഴിഞ്ഞു. ഞാൻ പറഞ്ഞു. "നമ്മൾ അവരോട് ഇന്നു ചെല്ലുമെന്നു പറഞ്ഞിട്ടില്ല. ഉച്ചക്കങ്ങു കേറിച്ചെന്നാൽ അവർക്കാകെ സംഭ്രമമാവും. ഒരു കാര്യം ചെയ്യാം .നമുക്ക് ഏതെങ്കിലും ഹോട്ടലിൽ കയറി വല്ലതും കഴിച്ചിട്ടു പോകാം.”
ഒരു ഹോട്ടലിൽ കയറി. ഊണു റെഡി എന്നു പുറത്തും “കപ്പ മീൻ കറി എന്ന് അകത്തും ബോർഡുണ്ട്..അകത്തെ ബോർഡിലേക്കു ഞാൻ താല്പര്യപുർവ്വം നോക്കുന്നതു കണ്ട ഭാവമേയില്ലാതെ കേശവൻ സാർ '’ രണ്ടൂണ് “എന്നു order കൊടുത്തു. ഞാൻ വിട്ടു കൊടുക്കുമോ? ‘ "എനിക്ക് ഊണു വേണ്ട കപ്പയും മീൻകറിയും മതി “എന്നു ഞാൻ ഉറക്കെത്തന്നെ തിരുത്തി.. സാറിന്റെ മുഖഭാവം കണ്ടാൽ എന്തോ ഒരു വലിയ അപമാനം ഏറ്റ പോലെ! ഞാനതു കണ്ടതായി നടിച്ചില്ല .വാ തോരാതെ അങ്ങേരോട് അതുമിതും പറഞ്ഞു കൊണ്ടിരുന്നു - ങേ... ഹേ! അപ്പുറത്തു യാതൊരു പ്രതികരണവുമില്ല .ഊണിനു മുമ്പേ കപ്പയും മീൻകറിയുമെത്തി. നല്ല വെന്തുകുഴഞ്ഞ .കപ്പപുഴുക്കും ചൂടൻ മീൻ കറിയും. .കൊതികൂട്ടുന്ന നല്ല മണവും ക്വാണ്ടിറ്റി മാത്രം തൃപ്തിയായില്ല. ഇത് എന്റെ എവിടെ ചെന്നുപറ്റാൻ! ഞാൻ ആർത്തിയോടെ തീറ്റ തുടങ്ങി .എന്തോ നികൃഷ്ടമായ കാഴ്ച കാണുന്ന മട്ടാണ് സാറിന്. താമസിയാതെ ചോറും കറികളും വന്നു. അദ്ദേഹം സ്വതേ വീർത്ത മോന്ത ഒന്നുകൂടി വീർപ്പിച്ചിരുന്ന് ഉണ്ടു തുടങ്ങി. എന്റെ മുമ്പിൽ കിട്ടിയതു മുഴുവൻ ശടേന്നു തീർന്നു. വിശപ്പു മാറിയെങ്കിലും കൊതി മാറിയിട്ടില്ല. ചോറുകാരന് സൈഡു കറികൾ രണ്ടാമതും വിളമ്പാൻ വന്നയാളോടു ഞാൻ ഒരു നാണവുമില്ലാതെ ഉറക്കെപ്പറഞ്ഞു "എനിക്ക് ഒരു കപ്പയും കറിയും കൂടി “ സാറെന്റെ നേരേ രൂക്ഷമായൊന്നു നോക്കി, അതിനു മുമ്പോ, അതിനു ശേഷമോ നോക്കിയിട്ടില്ലാത്ത ഒരു വല്ലാത്ത നോട്ടം!. എനിക്കശേഷം കുലുക്കമുണ്ടായില്ല. വീണ്ടും പുഴുക്കും കറിയും വന്നു. ഞാൻ സുഖമായി തിന്നു കൈ കഴുകി.പോകുന്ന വഴിക്കൊന്നും അദ്ദേഹം എന്നോടൊന്നും മിണ്ടുന്നതേയില്ല ഇതെന്തു സ്വഭാവം! ഈ ഉഴവൂര് ആരെങ്കിലും ഈ മനുഷ്യനെ അറിയുമോ? അദ്ദേഹത്തിന്റെ ഭാര്യ കടയിൽ നിന്ന് കപ്പയും കറിയും വാങ്ങി കഴിച്ചതു നാളെ പത്രത്തിൽ വരുമോ? അതുംപറഞ്ഞാരെങ്കിലും ഈ മാന്യനെ കളിയാക്കുമോ ?ഷാപ്പിൽ നിന്നൊന്നുമല്ലല്ലോ. ഹോട്ടലീന്നല്ലേ?.എനിക്കൊരു എത്തുംപിടിയും കിട്ടിയില്ല. ഇങ്ങേർക്ക് കപ്പപ്പുഴുക്ക് എന്നേക്കാൾ ഇഷ്ടമുണെന്നെനിക്കറിയാം താനും.എന്തുമാകട്ടെ - “ബഹു-ജനം പലവിധം “ഞാൻ ആശ്വസിച്ചു.
കുറെ നാളുകൾക്കു ശേഷം ഞാൻ ഇക്കാര്യം എടുത്തിട്ടു. അപ്പാഴല്ലേ കള്ളി വെളിച്ചത്തായത് .അന്ന്പുള്ളിക്കും -കപ്പ കണ്ടിട്ട് കൊതി സഹിക്കുന്നില്ലായിരുന്നത്രേ. പക്ഷേ, ദുരഭിമാനം കൊതിയെ തടഞ്ഞു നിർത്തി പോലും. നിന്നെപ്പോലെയാകാനൊന്നും എനിക്കു പറ്റുന്നില്ല. എന്നൊരു സർട്ടിഫിക്കറ്റും
.
അതിനു ശേഷം എത്രയോ പ്രാവശ്യം ഞാൻ കപ്പപ്പുഴുക്കും മീൻ കറിയും കഴിച്ചിട്ടുണ്ട്. പക്ഷേ ആ രുചി ഒരിക്കലും പിന്നീടൊരിക്കലും അനുഭവപ്പെട്ടിട്ടില്ല ..സത്യം!

No comments:

Post a Comment