Sunday, April 10, 2016

TASTY COCONUT CHAMMANTHI (FOR DOSA / RICE)

Credits: UppuManga (facebook page)


ചമ്മന്തി ഉണ്ടാക്കാന്‍ ഇപ്പോള്‍ ആര്‍ക്കാ അറിയാത്തത്.പക്ഷെ ചമ്മന്തി നല്ല രുചിയോടു കൂടെ അരച്ച് എടുക്കണം എങ്കില്‍ കുറച്ചു കാര്യങ്ങള്‍ ഉണ്ട്.വേറെ ഒരു കറി യും ഇല്ലെങ്കിലും ചമ്മന്തി ഉണ്ടെങ്കില്‍ ചോറ് ഉണ്ണാം.
മലയാളികളുടെ ഗൃഹാതുരത്വം ഉണ്ടാക്കുന്ന ചിലതാണ് അമ്മ അമ്മിക്കല്ലില്‍ അരച്ച് ഉരുട്ടി എടുത്ത ചമ്മന്തിയും ചൂട് കുത്തരി ചോറും...വാഴയിലയില്‍ കെട്ടുന്ന പൊതിച്ചോറിലും ചമ്മന്തി ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവം ആയിരുന്നു. കാലം എത്ര മാറിയിട്ടും ഇന്നും ഊണിനു ഒരു ചമ്മന്തി ഉണ്ടെങ്കില്‍ കുശാല്‍ ആണ്.ഇന്ന് പക്ഷെ അമ്മിക്കല്ലില്‍ അരയ്ക്കുന്നതിനു പകരം മിക്കവരും മിക്സിയില്‍ അരച്ച് എടുക്കുന്നു എന്ന ഒരു വ്യത്യാസം മാത്രം.ഇന്ന് ഒരുപാട് ചമ്മന്തികള്‍ ഉണ്ട് എങ്കിലും തേങ്ങാ ചമ്മന്തിയുടെ അത്ര സ്വാദ് വേറെ ഒന്നിനുമില്ല എന്ന് പറയാം..നല്ല സ്വാദിഷ്ടമായ രീതിയില്‍ തേങ്ങാ ചമ്മന്തി എങ്ങനെ ഉണ്ടാക്കി എടുക്കാം എന്നു നോക്കാം.

അതിനു ആവശ്യമായത്:

തേങ്ങാ ചിരവിയത് - ഒരു മുറി തേങ്ങയുടെ
ഇഞ്ചി - ഒരു ചെറിയ കഷണം
ചുവന്നുള്ളി - മൂന്നെണ്ണം
വാളന്‍ പുളി - ഒരു നെല്ലിക്ക വലുപ്പത്തില്‍
ഉപ്പ് - പാകത്തിന്,പാകം നോക്കി ഇടാന്‍ ശ്രദ്ധിക്കുക
കറി വേപ്പില - അഞ്ചു ഇലകള്‍,
മുളക്പൊടി - ഏകദേശം മുക്കാല്‍ ടേബിള്‍ സ്പൂണ്‍ , മുളകുപൊടി കൂടരുത്,ഇതിനു പകരം വറ്റല്‍ മുളക് വേണമെങ്കില്‍ ഉപയോഗിയ്ക്കാം

വെള്ളം - ഒരു സ്പൂണ്‍ ,വെള്ളത്തിന്റെ അളവ് കൂടി ചമ്മന്തി കുഴഞ്ഞു പോകരുത്

(പലരും ചമ്മന്തിയില്‍ വെളുത്തുള്ളി ,വെളിച്ചെണ്ണ എന്നിവ ചേര്‍ക്കുന്നത് കാണാം.നല്ല നാടന്‍ ചമ്മന്തിയില്‍ ഇത്രയും ചേരുവകള്‍ മതി.അല്ലെങ്കില്‍ സ്വാദ് മാറി പോകും.)

തയ്യാറാക്കുന്നത് എങ്ങനെ :

മുകളില്‍ പറഞ്ഞ ചേരുവകള്‍ എല്ലാം കൂടി അമ്മിക്കല്ലില്‍ / ഒരു മിക്സര്‍ ജാറില്‍ ( അമ്മിക്കല്ല് ഇല്ലെങ്കില്‍ മിക്സി തന്നെ ആശ്രയം ) ഇട്ടു അരച്ച് എടുക്കുക.ഒരുപാട് അരഞ്ഞു പോകാതെ നോക്കണം.ശേഷം ഒരു പാത്രത്തിലേക്കു മാറ്റി ഉരുട്ടി എടുത്തു വെയ്ക്കുക.
ഇനി ചൂട് ചോറിന്റെയോ കഞ്ഞിയുടെയോ കൂടെ കഴിയ്ക്കാവുന്നതാണ്

VARUTHARACHA CHAMMATHI (IDI CHAMMANTHI)

credits: UppuManga (facebook page)

കേരളീയരോടു ചമ്മന്തി പൊടിയെ പറ്റിയും അതിന്‍റെ സ്വാദിനെ കുറിച്ചും വിശദീകരിയ്ക്കേണ്ട കാര്യമില്ല .മിക്കവാറും എല്ലാ വീടുകളിലും ഇത് ഉണ്ടാക്കി സൂക്ഷിച്ചു വെച്ചിരിയ്ക്കും. വറത്ത തേങ്ങ ഉരലില്‍ ഉലക്ക കൊണ്ടു ഇടിച്ചു എടുക്കുന്ന ഇതിന്റെ സ്വാദ് ഒന്നു വേറെ തന്നെയാണ് . ചോറിന്റെയും കഞ്ഞിയുടെയും കൂടെ അനുയോജ്യമായ ഒന്ന് , നൊസ്റ്റാള്‍ജിയ തുടിയ്ക്കുന്ന കേരളീയതനിമ ഉള്ള ഒരു നാടന്‍ വിഭവം .നാട് വിട്ടു വിദേശങ്ങളില്‍ താമസിയ്ക്കുന്നവര്‍ക്ക് നാട്ടില്‍ അവധിയ്ക്ക് പോയി വരുമ്പോള്‍ ആണ് ഇത് രുചിയ്ക്കുവാന്‍ സാധിയ്ക്കുന്നത്. എന്നാല്‍ നമുക്ക് ഇത് ഉണ്ടാക്കാന്‍ പറ്റും,നാടിന്റെ രുചി അതെ പോലെ കിട്ടില്ല എങ്കില്‍ പോലും ഇതുണ്ടാക്കുവാന്‍ വളരെ എളുപ്പം ആണ്.ഇടിച്ചമ്മന്തി പല സ്ഥലങ്ങളിലും പല രീതിയില്‍ ഉണ്ടാക്കാറുണ്ട്.ഇത് എന്റെ വല്യമ്മച്ചിയുടെ രീതി ആണ് . ഇതുണ്ടാക്കുന്നത് എങ്ങിനെയെന്നു നോക്കാം.

ചമ്മന്തിപ്പൊടി/ ഇടിച്ചമ്മന്തി/വറുത്തിടിച്ച ചമ്മന്തി
...............................................................................................

ആവശ്യമുള്ളവ:

തേങ്ങ ചിരകിയത് - ഒരു തേങ്ങ .
വറ്റല്‍ മുളക് - 15 എണ്ണം , വറ്റല്‍ മുളകിന്റെ എണ്ണം കൂട്ടി എരിവു കൂട്ടാവുന്നതാണ്.
കറിവേപ്പില - ഒരു പിടി
കുഞ്ഞുള്ളി - 6 എണ്ണം
ഇഞ്ചി - ഒരു ഇടത്തരം കഷണം
വാളന്‍ പുളി - ഒരു നെല്ലിക്ക വലുപ്പത്തില്‍
കായം - ഒരു നുള്ള്
ഉപ്പ് - പാകത്തിന്

കുരുമുളക് - ഒരു ടേബിള്‍സ്പൂണ്‍
ഉഴുന്ന് - 3 ടേബിള്‍സ്പൂണ്‍ ; ഇത് രണ്ടും മൂപ്പിച്ചു പൊടിച്ചെടുക്കുക.
.

ഉണ്ടാക്കുന്ന വിധം :

ഉരുളിയിലോ അടി കട്ടിയുള്ള പാത്രത്തിലോ തേങ്ങയും വറ്റല്‍ മുളകും കറി വേപ്പിലയും ഇഞ്ചി അരിഞ്ഞതും കുഞ്ഞുള്ളിയും കായവും കൂടി ഒന്നിച്ചിട്ടു ചൂടാക്കി മൂപ്പിച്ചെടുക്കുക. തേങ്ങ നല്ലതു പോലെ വറുത്തെടുക്കുക.ചെറിയ തീയില്‍ വറക്കാന്‍ ശ്രദ്ധിയ്ക്കുക.കരിഞ്ഞു പോകരുത്.

ഇനി ചൂടാറിയശേഷം എല്ലാം കൂടി വറത്തു വച്ചിരിയ്ക്കുന്ന കുരുമുളക് പൊടിയും ഉഴുന്നുപൊടിയും പുളിയും ഉപ്പും ചേർത്ത് മിക്സറില്‍ പൊടിച്ചെടുക്കണം. തരുതരുപ്പായി പൊടിഞ്ഞാൽ മതി .ഉരലും ഉലക്കയും ഇല്ലാത്തതു കൊണ്ടാണ് മിക്സറില്‍ പൊടിയ്ക്കുന്നത് . എല്ലാ ചേരുവകളും പൊടിഞ്ഞ് യോജിച്ചാൽ ചമ്മന്തിപ്പൊടി തയ്യാർ .
കഞ്ഞിയുടെയോ ചോറിന്റെയോ ഇഡലിയുടെയോ കൂടെ കഴിയ്ക്കാവുന്നതാണ്.

ടിപ്സ് :
ഒരു മാസം വരെ പ്ലാസ്റിക് പാത്രങ്ങളിലോ കുപ്പികളിലോ കേടു കൂടാതെ സൂക്ഷിയ്ക്കാവുന്നതാണ്.
വറ്റല്‍ മുളക് ഇല്ലെങ്കില്‍ മുളകുപൊടി ചേര്‍ക്കാവുന്നതാണ്.

ചില സ്ഥലങ്ങളില്‍ മല്ലിയും വെളുത്തുള്ളിയും ജീരകവും ചേര്‍ക്കാറുണ്ട്.ചിലര്‍ അല്പം ശര്‍ക്കര കൂടി ചേര്‍ക്കാറുണ്ട്.

പ്രത്യേകം ശ്രദ്ധിയ്ക്കുക : എരിവു നിങ്ങളുടെ ഇഷ്ടത്തിന് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക

MANGO CHAMMANTHI

credits: UppuManga (Facebook page)


പച്ച മാങ്ങാ ഉപയോഗിച്ച് രുചികരമായ മാങ്ങാ ചമ്മന്തി തയ്യാറാക്കാം .

മാങ്ങ ചമ്മന്തി
.............................
ചേരുവകള്‍ :
പച്ച മാങ്ങ - ഒന്നിന്‍റെ പകുതി(കഷണങ്ങളാക്കിയത് )
പച്ചമുളക് - 2-3
തേങ്ങ തിരുമ്മിയത്‌ - 1 കപ്പ്‌
കുഞ്ഞുള്ളി - 3 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത്
ഉപ്പ് - പാകത്തിന്
കറി വേപ്പില -2 ഇലകള്‍

ചെയ്യേണ്ട വിധം:

മുകളില്‍ കൊടുത്തിരിയ്ക്കുന്ന ചേരുവകള്‍ എല്ലാം കൂടി വെള്ളം ഒട്ടും ചേര്‍ക്കാതെ ഒരു മിക്സറില്‍ അരച്ചെടുക്കുക.

ടിപ്സ് :
പച്ചമുളക് ,വറ്റല്‍മുളക്,കാന്താരി ഇവയില്‍ ഏതു വേണമെങ്കിലും ചേര്‍ക്കാം.
മാങ്ങ ഉള്ളതു കൊണ്ട് വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല.
കറി വേപ്പില കൂടിയാല്‍ കയ്പ്പ് രുചി വരും.

MULAKU CHAMMANTHI FOR DOSA

credits: UppuManga (facebook page)



കൂടി വന്നാല്‍ പത്തു മിനിട്ട് കൊണ്ട് ഈ ചമ്മന്തി തയ്യാറാക്കാം...ഒരു പ്രാവശ്യം ഇത് ഉണ്ടാക്കിയവര്‍ പിന്നെ ദോശയോ ഇഡ്ഡലി യോ അപ്പമോ ഒക്കെ ഉണ്ടാക്കുമ്പോള്‍ ഉറപ്പായും ഈ ചമ്മന്തി ആയിരിക്കും ആദ്യം മനസ്സില്‍ ഓടിയെത്തുക...നമ്മുടെ അമ്മമാര്‍ അമ്മിക്കല്ലില്‍ അരച്ച് എടുക്കുന്ന ചമ്മന്തി ആണ് ഇത്,അമ്മിക്കല്ലിന്റെ അഭാവം തല്‍ക്കാലം മിക്സര്‍ കൊണ്ട് പരിഹരിയ്ക്കാം,

കുഞ്ഞുള്ളി യും വറ്റല്‍ മുളകുംകൊണ്ട് ഉണ്ടാക്കാവുന്ന അതിരുചികരമായ ഉള്ളി ചമ്മന്തി ആണ് ഇന്നത്തെ എന്റെ റെസിപി

ഉള്ളി ചമ്മന്തി
...............................

ആവശ്യമായവ :

കുഞ്ഞുള്ളി - 15 എണ്ണം
വറ്റല്‍ മുളക് - - 10 എണ്ണം
കറിവേപ്പില - കുറച്ചു ഇലകള്‍
വെളിച്ചെണ്ണ - കുറച്ച്
ഉപ്പ്- പാകത്തിന്

ഉണ്ടാക്കുന്നത്‌ :

ആദ്യം ഒരു പാന്‍ ചൂടാകുമ്പോള്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് വറ്റല്‍ മുളകും കുഞ്ഞുള്ളിയും കറി വേപ്പിലയും വഴറ്റുക.കുഞ്ഞുള്ളി നന്നായി ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റണം.എന്നിട്ട് തീയ് അണച്ച് ഇത് ചൂട് ആറിയതിനു ശേഷം ഒരു മിക്സറില്‍ ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് അരച്ച് എടുക്കുക..

.ഒരു ബൌളിലെക്ക് മാറ്റി ഉപ്പ് പാകം ആണോന്നു നോക്കി കുറച്ചു കൂടി വെളിച്ചെണ്ണ ചേര്‍ത്ത് എരിവു നമുക്ക് കഴിയ്ക്കുവാന്‍ തക്ക പാകത്തില്‍ ആക്കുക..

ചൂട് ദോശ / ഇഡ്ഡലി / അപ്പം എന്തിന്റെ കൂടെ വേണേലും കഴിയ്ക്കാം....

ഇനി ഒരു കാര്യം ചൂട് ചോറിന്റെ കൂടെ ഈ ചമ്മന്തി കൂട്ടി കഴിച്ചാല്‍ പ്രത്യേക ഒരു രുചിയാണ്....ഒരു പ്ലേറ്റ് ചോറ് കഴിച്ചു പോകും. ചോറിന്റെ കൂടെ കഴിയ്ക്കുവാന്‍ ആണെങ്കില്‍ അരയ്ക്കുമ്പോള്‍ കുറച്ചു വാളന്‍ പുളി കൂടി ചേര്‍ക്കാം 

THAKKALI CHAMMANTHI (TOMATO)

credits: UppuManga (facebook page)

രുചികരമായ തക്കാളി ചമ്മന്തി തയ്യാറാക്കുന്നത് നോക്കാം.........

ഇടത്തരം തക്കാളി രണ്ടെണ്ണം ,രണ്ടു ഇടത്തരം സവാള എന്നിവ നീളത്തിലോ ചതുരത്തിലോ അരിഞ്ഞു വയ്ക്കുക.ഒരു ചീനച്ചട്ടിയില്‍ /പാനില്‍ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് സവാള വഴറ്റുക .ബ്രൌണ്‍ നിറമാകേണ്ട കാര്യമില്ല ,പച്ചമണം മാറി വാടിയാല്‍ മതി ,കൂടെ തക്കാളിയും ചേര്‍ത്ത് നല്ലത് പോലെ വഴറ്റി എടുക്കുക.ഇതിലേക്ക് മുക്കാല്‍ ടേബിള്‍ സ്പൂണ്‍ കാശ്മീരി മുളക് പൊടി ,ഉപ്പു എന്നിവ ചേര്‍ത്ത് വഴറ്റുക.തീയ് ഓഫാക്കുക .ഇനി ഇത് ചൂടാറുമ്പോള്‍ ഒരു മിക്സര്‍ ജാറില്‍ വെള്ളം ചേര്‍ക്കാതെ നേര്‍മ്മയായി അരച്ച് എടുക്കുക.
ഒരു പാനില്‍ അര ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അര ടീസ്പൂണ്‍ ഉഴുന്ന് പരിപ്പ് ,അര ടീസ്പൂണോളം കടുക് ,ഒരു കതിര്‍പ്പ് കറി വേപ്പില എന്നിവ താളിചു ഇതിലേക്ക് അരച്ച ചമ്മന്തി ചേര്‍ത്ത് ഇളക്കി രണ്ടു മിനിട്ട് കഴിഞ്ഞു തീ ഓഫാക്കുക.സ്വാദേറിയ തക്കാളി ചമ്മന്തി തയ്യാര്‍.
ചൂട് ഗോതമ്പ് ദോശയും തക്കാളി ചമ്മന്തിയും കൂടി കഴിയ്ക്കാം..........................

നോട്ട്സ് ;
ഈ ചമ്മന്തി രുചിയില്‍ മുന്നിലാണ് ,ചോറിന്റെ കൂടെയും വളരെ നല്ല കോമ്പിനേഷന്‍ ആണ്

MULAKU CHAMMANTHI

credits : UppuManga (facebook page)



മുളക് ചമ്മന്തി :

പത്തു പന്ത്രണ്ട് വറ്റൽ മുളകും പത്തു പതിനഞ്ചു ചുവന്നുള്ളിയും ഒരു നെല്ലിക്കാ വലുപ്പത്തോളം കുരുവില്ലാത്ത പിഴുപുളിയും രണ്ടു കറിവേപ്പിലയും കൂടി ഇടിച്ചു ചതച്ചു എടുക്കുക. ഇടിച്ചു തന്നെ എടുക്കണം കേട്ടോ.......
ഇനി ഒരു ചീനച്ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ഇടിച്ചു ചതച്ച മുളകു കൂട്ടു ചേർത്ത് മൂന്നു നാലു മിനിറ്റ് നല്ല പോലെ വഴറ്റി പാകത്തിന് ഉപ്പും ചേർത്ത് ഇളക്കി എടുത്താൽ ദേ ആ ചിത്രത്തിൽ കാണുന്നതുപോലെ നല്ല ഒരു മുളകു ചമ്മന്തി കിട്ടും. ......ചൂടു ചോറോ കപ്പ പുഴുങ്ങിയതോ കഞ്ഞിയോ വടയോ എന്തിന്റെ കൂടെ ആയാലും ഈ ചമ്മന്തി കിടിലൻ ആണേയ്......... അല്ലെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ.....

( മുളക് ഇടിച്ചു ചതയ്ക്കാൻ പറ്റില്ലെങ്കിൽ മിക്സറിൽ ഇട്ട് ഒന്ന് കറക്കിയാൽ മതി.
വെളിച്ചെണ്ണ ചേർക്കുന്നതു കൊണ്ട് അധികം എരിവ് ഉണ്ടാകില്ല)

TRADITIONAL COCONUT CHAMMANTHI






credits: UppuManga (FaceBook Page)

തേങ്ങാ ചിരവിയത് - ഒരു കപ്പ്‌
വറ്റല്‍ മുളക് - 4 എണ്ണം,എരിവിനു അനുസരിച്ച് കൂട്ടാം.
കറി വേപ്പില - ആറേഴ് ഇല 
കുഞ്ഞുള്ളി / ചുവന്നുള്ളി /ചെറിയ ഉള്ളി - 6 എണ്ണം 
ഇഞ്ചി - ഒരു ചെറിയ കഷണം കൊത്തി അരിഞ്ഞത്
വാളന്‍ പുളി - ഒരു നെല്ലിക്ക വലുപ്പത്തില്‍
ഉപ്പ് - പാകത്തിന് 
വെളിച്ചെണ്ണ - ഒരു ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം :

ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ വറ്റല്‍ മുളകും കുഞ്ഞുള്ളിയും കറി വേപ്പിലയും വറുക്കുക. രണ്ടോ മൂന്നോ മിനിറ്റ് വറുത്താല്‍ മതി.കരിഞ്ഞു പോകാതെ നോക്കണം .
:
വറുത്തതിന്റെ മണം വരുമ്പോള്‍ തേങ്ങാ കൂടി ചേര്‍ത്ത് ഇളക്കണം ,തേങ്ങാ നിറം മാറേണ്ട ആവശ്യമില്ല. ഇനി തീ അണച്ച് ചൂട് ആറാന്‍ വയ്ക്കുക.

ചൂട് ആറിയതിനു ശേഷം ഇഞ്ചിയും വാളന്‍ പുളിയും ഉപ്പും കൂടി ഇതില്‍ ചേര്‍ത്ത് അമ്മിക്കല്ലില്‍ അരച്ച് എടുക്കുക. (അമ്മിക്കല്ല് ഇല്ലാത്തവര്‍ മിക്സര്‍ ജാര്‍ ഉപയോഗിയ്ക്കുക. ഇതില്‍ അരയ്ക്കുമ്പോള്‍ അര സ്പൂണ്‍ വെള്ളം ചേര്‍ക്കാം.)

.സ്വാദിഷ്ടമായ സ്പെഷ്യല്‍ തേങ്ങാ ചമ്മന്തി തയ്യാര്‍ .ഇനി ചൂട് ചോറിന്റെയോ കഞ്ഞിയുടെയോ കൂടെ കഴിയ്ക്കാം .
ടിപ്സ് ;
വാളന്‍ പുളി ചേര്‍ക്കുന്നത്തിന്റെ അളവ് നിങ്ങളുടെ കയ്യില്‍ ഇരിക്കുന്ന പുളിയുടെ പുളി രുചി അനുസരിച്ച് ആയിരിക്കണം